ലോക രക്തദാനദിനത്തിൽ ആൻറിയ അബുദാബിയുടെ രക്തദാനം
അബുദാബി: ലോക രക്തദാനദിനത്തോടനുബന്ധിച്ച് അങ്കമാലി എൻആർഐ അസോസിയേഷൻ അബുദാബി (ആൻറിയ), അബുദാബി ബ്ലഡ് ബാങ്കുമായി സഹകരിച്ച് തുടർച്ചയായ 14-ാം വർഷവും രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ഖാലിദിയ ബ്ലഡ് ബേങ്കിൽ വെച്ച് നൂറുകണക്കിന് രക്തദാതാക്കളുടെ പങ്കാളിത്തത്തോടെ നടന്ന ക്യാമ്പ് സാമൂഹിക പ്രതിബദ്ധതയുടെ മികച്ച മാതൃകയായി മാറി.ആൻറിയ പ്രസിഡന്റ് ജോജോ ജോസ് അധ്യക്ഷതയിൽ ചടങ്ങിൽ ഇന്ത്യൻ സോഷ്യൽ ആൻഡ് കൾച്ചറൽ സെന്റർ പ്രസിഡന്റ് ബിജി എം തോമസ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു.
“രക്തം ദാനം ചെയ്യുക, സ്നേഹവും ജീവിതവും നൽകുക“ (Donate Blood, Donate Love & Life)” എന്ന സന്ദേശം ഉയർത്തിപ്പിടിച്ച് സംഘടിപ്പിച്ച ക്യാമ്പിന് പ്രവാസി ലോകത്തുനിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചത്. ജീവൻ രക്ഷിക്കുന്ന മഹത്തായ സേവനത്തിന്റെ പ്രാധാന്യം ഓർമ്മിപ്പിച്ച രക്തദാന ക്യാമ്പ് ശ്രദ്ധേയമായി.മറ്റുള്ളവരുടെ വേദനയും ദുഖവും തന്റേതുകൂടിയാണെന്നു തിരിച്ചറിയുന്ന, സഹജീവി സ്നേഹത്തിന്റെ ഉദാത്ത മാതൃകയാണ് രക്തദാനമെന്നും, നാം നൽകുന്ന രക്തം മറ്റാരുടെയോ ജീവൻ നിലനിർത്താൻ ഉപകാരപ്പെടുന്നതുകൊണ്ട് തന്നെ ഏറ്റവും മഹത്തായ കർമ്മമാണ് രക്തദാനത്തിലൂടെ ആൻറിയ നിർവ്വഹിക്കുന്നതെന്നും രക്തദാനക്യാമ്പിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.

ഇന്ത്യാ സോഷ്യൽ സെന്റർ ജനറൽ സെക്രട്ടറി ലിംസൺ ജേക്കബ്, ട്രഷറർ ജോൺ ജോസഫ്, അസി. ജനറൽ സെക്രട്ടറി ജി. എം. മനോജ്, അബുദാബി ബ്ലഡ് ബാങ്ക് മെഡിക്കൽ അഫയേഴ്സ് മാനേജർ പൃഥേഷ് ഭരത്കുമാർ, മലയാളം മിഷൻ അബുദാബി ചാപ്റ്റർ പ്രസിഡന്റ് സഫറുള്ള പാലപ്പെട്ടി, ഡി ക്യൂബ് പ്രതിനിധി ബിജു മോഹൻ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.ചടങ്ങിൽ രക്തദാന ക്യാമ്പ് കൺവീനർമാരായ ബോബി സണ്ണി സ്വാഗതവും ജിനു കെ പാപ്പച്ചൻ നന്ദിയും പറഞ്ഞു.