അബുദാബി കേരള സോഷ്യൽ സെന്ററിന്റെ 2026 – 2027 പ്രവർത്തനവർഷത്തിന്റെ ഉത്‌ഘാടനം സിനിമാ സംവിധായകൻ ലാൽജോസ് ഉത്‌ഘാടനം നിർവഹിച്ചു.
അബുദാബി: ജാതിക്കും മതത്തിനും രാഷ്ട്രീയത്തിനും അതീതമായി മനുഷ്യരെല്ലാം ഒരുമിച്ചുകൂടുന്ന ഇടങ്ങൾ കൂടുതൽ രൂപപ്പെടുത്തേണ്ട കാലമാണിതെന്ന് പ്രശസ്ത ചലച്ചിത്ര സംവിധായകൻ ലാൽ ജോസ്.അബുദാബി കേരള സോഷ്യൽ സെന്ററിന്റെ 2026 – 2027 പ്രവർത്തനവർഷം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.’പരസ്പരം സഹായിക്കാൻ കഴിയുന്ന ആളുകളുടെ എണ്ണം വർദ്ധിപ്പിക്കേണ്ടിയിരിക്കുന്നു
സെന്റർ പ്രസിഡന്റ് ടി. കെ. മനോജ് അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ റാക്കോ മാനേജിങ്ങ് ഡയറക്ടർ ജയപ്രകാശൻ ബാഹുലേയൻ മുഖ്യാതിഥിയായി പങ്കെടുത്തു.ശക്തി തിയറ്റേഴ്‌സ് പ്രസിഡന്റ് വി. പി. കൃഷ്ണകുമാർ, യുവകലാസാഹിതി ആക്ടിങ്ങ് പ്രസിഡന്റ് മനു കൈനകരി, ഫ്രെണ്ട്സ് എഡിഎംഎസ് പ്രസിഡന്റ് ഗഫൂർ എടപ്പാൾ, മലയാളം മിഷൻ അബുദാബി ചാപ്റ്റർ പ്രസിഡന്റ് സഫറുള്ള പാലപ്പെട്ടി, വനിതാ വിഭാഗം കൺവീനർ റീന നൗഷാദ്, സെൻ്റർ ബാലവേദി പ്രസിഡന്റ് നയനിക ശ്രീജിഷ് എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.ഇന്ത്യ സോഷ്യൽ ആൻഡ് കൾച്ചറൽ സെന്റർ പ്രസിഡന്റ് ബിജി തോമസ്, അബുദാബി മലയാളി സമാജം പ്രസിഡന്റ് സലിം ചിറക്കൽ, ഇന്ത്യൻ ഇസ്‌ലാമിക് സെന്റർ വൈസ് പ്രസിഡന്റ് വിപികെ അബ്ദുള്ള, അഹല്യാ മെഡിക്കൽ ഗ്രൂപ്പ് സീനിയർ ഓപ്പറേഷൻസ് മാനേജർ സൂരജ് പ്രഭാകർ, എന്നിവർ അതിഥികളായി സന്നിഹിതരായിരുന്നു.സിബിഎസ്ഇ പരീക്ഷയിൽ പ്ലസ് ടുവിന് മികച്ച വിജയം കരസ്ഥമാക്കിയ നികേത് വിനീഷിനെ ചടങ്ങിൽ ആദരിച്ചു.2026 – 2027 പ്രവർത്തന വർഷത്തേയ്ക്ക് പുതുതായി തെരഞ്ഞെടുക്കപ്പെട്ട ഭാരവാഹികളെയും ബാലവേദി അംഗങ്ങളെയും സദസ്സിനു പരിചയപ്പെടുത്തി.
ജനറൽ സെക്രട്ടറി സജീഷ് നായർ സ്വാഗതവും ജോ. സെക്രട്ടറി പുന്നൂസ് ചാക്കോ നന്ദിയും പറഞ്ഞു. അഞ്ജു സമീർ ആയിരുന്നു പരിപാടിയുടെ അവതാരക. ഉദ്ഘാടന ചടങ്ങിന്റെ രണ്ടാംഘട്ടമായി നടത്തപ്പെട്ട ലാൽ ജോസുമായുള്ള ‘സിനിമാ വർത്തമാനം’ സദസ്സിന്റെ സജീവമായ ഇടപെടൽ കൂടിയായപ്പോൾ ശ്രദ്ധേയമായി. കെ.എസ്.സി സാഹിത്യ വിഭാഗം സെക്രട്ടറി ജയേഷ് വട്ടക്കാട്ടിൽ, മുൻ ട്രഷറർ അനീഷ് ശ്രീദേവി എന്നിവർ സംവാദപരിപാടിക്ക് നേതൃത്വം നൽകി.