കെ എസ് സി വേനൽത്തുമ്പികൾ 2025 ന് സമാപനം കുറിച്ചു.
അബുദാബി : മൂന്ന് ആഴ്ചയോളം കേരള സോഷ്യൽ സെന്റർ അബുദാബി യുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച വേനലവധിക്യാമ്പിന്റെ സമാപനം വേനൽത്തുമ്പികളുടെ സർഗ്ഗാത്മക പ്രകടനങ്ങളുടെ സമ്മോഹന വേദിയായി മാറി.
വേനൽത്തുമ്പികളോടൊപ്പം രക്ഷിതാക്കളും സംഘാടകരും അണിനിരന്ന വർണ്ണാഭമായ ഘോഷയാത്രയോടും ക്യാമ്പിലെ കൊച്ചു കുട്ടുകാർ അവതരിപ്പിച്ച വൈവിധ്യമാർന്ന കലാ പരിപാടികളോടും കുടിയായിരുന്നു വേനൽ തുമ്പികൾക്ക് സമാപനം കുറിച്ചത്.

കളിയിലൂടെയും വിജ്ഞാനത്തിലൂടെയും അറിവിന്റെ പുതിയ വാതായനങ്ങൾ തുറക്കപ്പെട്ട ക്യാമ്പിൽ പങ്കെടുത്ത കുട്ടികളിലൂടെ ഉരുത്തിരിഞ്ഞു വന്ന കലാരൂപങ്ങളായിരുന്നു കുട്ടികൾ രംഗത്തവതരിപ്പിച്ചത്.

സമാപനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച സാംസ്കാരിക സമ്മേളനത്തിൽ പ്രസിഡന്റ് മനോജ് ടി കെ അദ്യക്ഷത വഹിച്ചു. ക്യാമ്പിന് നേതൃത്വം നൽകിയ നാടക കലാകാരൻ അഡ്വ പ്രദീപ് പാണ്ടനാട് ഉദ്ഘാടനം ഉദ്ഘാടനം ചെയ്തു. ക്യാമ്പ് ഡയറക്ടർ ലതീഷ് ശങ്കർ ക്യാമ്പ് റിപ്പോർട്ട് അവതരിപ്പിച്ചു. ക്യാമ്പിൽ പങ്കെടുത്ത കുട്ടികൾക്ക് സർട്ടിഫിക്കറ്റ് വിതരണം ചെയ്തു.

സെന്റർ വനിതാ വിഭാഗം കമ്മിറ്റി അംഗം പ്രീത നാരായണൻ, ശക്തി തിയറ്റേഴ്‌സ് പ്രസിഡന്റ് ബഷീർ കെ വി, യുവകലാസാഹിതി പ്രസിഡന്റ് രാകേഷ് , ഫ്രണ്ട്സ് എ ഡി എം എസ്സ് പ്രസിഡന്റ് ഗഫൂർ എന്നിവർ ആശംസ നേർന്നു സംസാരിച്ചു.
മലയാളം മിഷൻ അബുദാബി ചാപ്റ്ററിന്റെ കീഴിൽ സംഘടിപ്പിച്ച ഏഴാമത് പഠനോത്സവത്തിൻറെ ഫല പ്രഖ്യാപനം ചാപ്റ്റർ പ്രസിഡന്റ് സഫറുള്ള പാലപ്പെട്ടി നിർവഹിച്ചു.ജനറൽ സെക്രട്ടറി സജീഷ് നായർ സ്വാഗതവും കായികവിഭാഗം സെക്രട്ടറി റഷീദ് അയിരൂർ നന്ദിയും രേഖപ്പെടുത്തി.