യുഎഇയിലെ നാല് ഇന്ത്യൻ പാസ്പോർട്ട്, വിസാ സേവനകേന്ദ്രങ്ങൾ ഇന്ന് മുതൽ പ്രവർത്തിക്കില്ല.
ദുബായ്: യുഎഇയിലെ ഇന്ത്യൻ പാസ്പോർട്ട്-വിസ സേവന കേന്ദ്രങ്ങളിൽ നാലെണ്ണം ഇന്ന് മുതൽ പ്രവർത്തിക്കില്ല. മുസഫ, അൽ റീം, ദുബായ് ഇൻവെസ്റ്റ്മെന്‍റ് പാർക്ക്-1, ഷാർജ അൽ മജാസ് എന്നിവിടങ്ങളിലെ സേവന കേന്ദ്രങ്ങൾ ഇന്ന് മുതൽ പ്രവർത്തിക്കില്ലെന്ന് ഇന്ത്യൻ എംബസിയാണ് അറിയിച്ചത്. ആകെ 16 പാസ്പോർട്ട്- വിസ സേവന കേന്ദ്രങ്ങളാണ് യുഎഇയിൽ ഉണ്ടായിരുന്നത്. നാലെണ്ണം നിർത്തിയതോടെ സേവന കേന്ദ്രങ്ങളുടെ എണ്ണം 12 ആയി കുറഞ്ഞു. പാസ്പോർട്ട്, വിസ, സാക്ഷ്യപ്പെടുത്തൽ സേവനങ്ങൾ ‘അൽ ഹിന്ദ് ടൂർസ് ആൻഡ് ട്രാവൽസിന്’ ഔട്ട്സോഴ്സ് ചെയ്തതുമുതൽ എമിറേറ്റുകളിലായി ആകെ 16 കേന്ദ്രങ്ങളാണ് പ്രവർത്തിച്ചിരുന്നത്. ഭരണപരമായ കാരണങ്ങളാലാണ്നാല് കേന്ദ്രങ്ങളിലെയും സേവനങ്ങൾ നിർത്തിവെക്കുന്നതെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്. അൽ ദാന, അൽ ഐൻ, മദീനത് സായിദ്, അൽ ദഫ്റ, ഗയാതി, ബുർ ദുബൈ, ഇന്ത്യൻ അസോസിയേഷൻ ഷാർജ, അജ്മാൻ, ഉമ്മുൽ ഖുവൈൻ, റാസൽഖൈമ, ഫുജൈറ, കൽബ, ഖോർഫുക്കാൻ എന്നിവിടങ്ങളിലെ കേന്ദ്രങ്ങൾ പതിവുപോലെ സേവനങ്ങൾ തുടർന്നു നൽകും. 12 കേന്ദ്രങ്ങളും രാവിലെ എട്ട് മുതൽ വൈകുന്നേരം ആറ് വരെ പ്രവർത്തിക്കും.തത്കാൽ പാസ്‌പോർട്ട് സേവനങ്ങൾ, നവജാത ശിശുക്കളുടെ അപേക്ഷകൾ, എമർജൻസി സർട്ടിഫിക്കറ്റ് (ഇ.സി.) അപേക്ഷകൾ, മുതിർന്ന പൗരന്മാർ എന്നിവർക്ക് വാക്ക് ഇൻ അപേക്ഷ നൽകാം.