ഹോർമുസ് കടലിടുക്കിൽ ഇന്ത്യൻ കപ്പലുകൾക്ക് വഴിതുറന്ന് ഇറാൻ; ഇളവ് നയതന്ത്ര ഇടപെടലുകൾക്ക് പിന്നാലെ.
ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കർ ഇറാൻ വിദേശകാര്യ മന്ത്രിയുമായി നടത്തിയ ടെലിഫോൺ ചർച്ചകൾക്കൊടുവിലാണ് തീരുമാനം. ഇറാൻ നാവിക കപ്പലിന് കൊച്ചിയിൽ ഇന്ത്യ സുരക്ഷയൊരുക്കിയതും ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന്റെയും ഫലമായാണ് ഇന്ത്യയോട് ഇത്തരമൊരു സമീപനം സ്വീകരിക്കാൻ ഇറാൻ തയ്യാറായതെന്നാണ് വിലയിരുത്തൽ.
ഇന്ത്യയിലേക്ക് എണ്ണയും പാചകവാതകവും എത്തിക്കുന്നതിൽ ഹോർമുസ് കടലിടുക്ക് നിർണായകമാണ്. ചരക്കുനീക്കം തടസ്സപ്പെട്ടത് ഇന്ത്യയിൽ പെട്രോൾ, പാചകവാത ക്ഷാമമുണ്ടാക്കുമോ എന്ന ആശങ്ക ഉയർത്തിയിട്ടുണ്ട്. പുതിയ തീരുമാനത്തോടെ ഈ പ്രതിസന്ധിക്ക് ഒരുപരിധിവരെ പരിഹാരമാകുമെന്ന് കരുതപ്പെടുന്നു.
ഹോർമുസ് കടലിടുക്കിലെ പ്രതിസന്ധി നേരിടാൻ ഇന്ത്യ റഷ്യയിൽനിന്നുള്ള എണ്ണ ഇറക്കുമതി വർധിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ റഷ്യൻ എണ്ണ ഇറക്കുമതിയിൽ 45 ശതമാനത്തിന്റെ വർധന രേഖപ്പെടുത്തി. പാചകവാതക ദൗർലഭ്യത്തിന്‍റെ പേരിൽ ജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ലെന്നും പ്രശ്നപരിഹാരത്തിന് സർക്കാരിന് കൃത്യമായ നയമുണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി നേരത്തേ അറിയിച്ചിരുന്നു.