കിസാഡ് ലോജിസ്റ്റിക് പാർക്ക് ഏറ്റെടുത്ത് മെയിർ ഗ്രൂപ്പ്.
അബുദാബി: യുഎഇയിലെ പ്രമുഖ നിക്ഷേപക കമ്പനിയായ മെയിർ ഗ്രൂപ്പ് അബുദാബി പോർട്‌സ് ഗ്രൂപ്പിലെ കിസാഡ് ലോജിസ്റ്റിക് പാർക്ക് ഏറ്റെടുത്തു.29.5 കോടി ദിർഹത്തിനാണ് കരാർ. ഇതിൽ 7.4 കോടി ദിർഹം മുൻകൂറായി നൽകും. ബാക്കി തുക രണ്ട് വർഷത്തിനകം അടച്ചുതീർക്കും. മെയിർ ഗ്രൂപ്പിന്റെ സഹസ്ഥാപനമായ മക്കാനി റിയൽ എസ്റ്റേറ്റ് മുഖേനയായിരുന്നു ഏറ്റെടുക്കൽ.ഖലീഫ പോർട്ടിന് സമീപം 1.28ലക്ഷം ചതുരശ്ര മീറ്റർ സ്ഥലത്ത് വ്യാപിച്ചുകിടക്കുന്ന നാലു ബ്ലോക്ക് വെയർഹൗസുകളിലാണ് കിസാഡ് ലോജിസ്റ്റിക് പാർക്ക് പ്രവർത്തിക്കുന്നത്. കെട്ടിടങ്ങളുടെ ഉടമസ്ഥാവകാശത്തോടൊപ്പം 50 വർഷത്തെ ഭൂമി പാട്ടക്കരാറും ഉൾപ്പെടും. ഗ്രൂപ്പിന്റെ വരുമാനം വർധിപ്പിക്കുന്നതിനും വാണിജ്യ റിയൽ എസ്റ്റേറ്റ് രംഗത്ത് സാന്നിധ്യം ഉറപ്പിക്കുന്നതിനുമുള്ള തന്ത്രപ്രധാന നീക്കമാണിതെന്ന് മെയിർ ഗ്രൂപ്പ് സിഇഒ നഹ്യാൻ ഹമദ് അൽ അമരി പറഞ്ഞു. പുതിയ വെയർഹൗസുകൾ വഴി ഗ്രൂപ്പിന് ഉടൻ വാടക വരുമാനം ലഭിച്ചുതുടങ്ങുന്നത് കമ്പനിയുടെ വരുമാന സ്ഥിരത ഉറപ്പാക്കാൻ സഹായിക്കും. വെറും റീട്ടെയിൽ കമ്പനി എന്നതിലുപരി, ലോജിസ്റ്റിക്സ്,കൊമേഴ്‌സ്യൽ റിയൽ എസ്റ്റേറ്റ് മേഖലകളിലേക്കുള്ള ഈ മാറ്റം ഓഹരി വിപണിയിൽ ദീർഘകാല വളർച്ചാ സാധ്യതകൾ വർധിപ്പിക്കുന്നു. ഏറ്റെടുക്കൽ പ്രഖ്യാപനം വന്നതോടെ ഓഹരി വിപണിയിൽ മെയിർ ഓഹരികളുടെ വില വർധിച്ചു. നിലവിൽ 1.12 ദിർഹം നിരക്കിലാണ് വ്യാപാരം നടക്കുന്നത്. വരുമാനം വർധിക്കുന്നതോടെ ഭാവിയിൽ ഓഹരി ഉടമകൾക്ക് കൂടുതൽ ഡിവിഡന്റ് ലഭിക്കാനും സാധ്യതയേറി. ഇതു ഓഹരി വില സ്ഥിരതയ്ക്കും ഭാവി വളർച്ചയ്ക്കും ഗുണകരമാകുമെന്നാണ് വിലയിരുത്തുന്നത്.