കൂടുതൽ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കാൻ സജ്ജരാവുക – ഖലീൽ ബുഖാരി തങ്ങൾ.
അബുദാബി: കേരള മുസ്ലിം ജമാഅത് അധ്യക്ഷൻ കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ നയിച്ച കേരള യാത്ര കഴിഞ്ഞ് യു എ ഇ ലെത്തിയ യാത്ര ഉപ നായകൻ സയ്യിദ് ഇബ്റാഹീം ഖലീൽ ബുഖാരി തങ്ങൾക്ക് ഐസിഎഫ് യുഎഇ നാഷണൽ കമ്മിറ്റി ഹൃദ്യമായ സ്വീകരണം നൽകി. കേരള ചരിത്രത്തിൽ തങ്കലിപികളാൽ എഴുതപ്പെടേണ്ട യാത്രയാണ് കേരള മുസ്ലിം ജമാഅത്തിന് കീഴിൽ നടന്ന കേരള യാത്ര.അബുദാബി ഐ ഐ സി സി ഓഡിറ്റോറിയത്തിൽ ഒരുക്കിയ പ്രവാസത്തിന്റെ സ്നേഹാദര സദസ്സ് മുസ്തഫ ദാരിമി കടാങ്കോടിൻ്റെ അധ്യക്ഷതയിൽ ഐസിഎഫ് ഇൻറർനാഷണൽ സെക്രട്ടറി ഹമീദ് ഈശ്വരമംഗലം ഉദ്ഘാടനം ചെയ്തു. സമസ്ത നൂറാം വാർഷികത്തിന്റെ ഭാഗമായി സ്നേഹജനങ്ങളിലേക്ക് ഇറങ്ങുന്ന അയ്യൂഹന്നാസ് അവലോകനം കാമ്പയിൻ കൺവീനർ സുലൈമാൻ കന്മനം നിർവഹിച്ചു.
പ്രവാസ ലോകത്തിൻറെ സ്നേഹാദരം ഏറ്റുവാങ്ങി കേരള യാത്ര ഉപനായകൻ സയ്യിദ് ഇബ്രാഹിം ഖലീൽ ബുഖാരി തങ്ങൾ തൻറെ യാത്ര അനുഭവങ്ങൾ സദസുമായി പങ്കുവെച്ചു. ഓരോരുത്തരും തങ്ങളുടെ ഉത്തരവാദിത്തങ്ങൾ ഏറ്റെടുത്ത് കർമ്മോത്സകരായി രംഗത്തുണ്ടാകണമെന്ന് ഖലീൽ തങ്ങൾ ഉദ്ബോധിപ്പിച്ചു. ചടങ്ങിൽ വച്ച് ആർ എസ് സി യു എ ഇ നാഷണൽ തലത്തിൽ നടത്തിയ സാഹിത്യോത്സവിൽ ഒന്നാം സ്ഥാനം നേടിയ അബുദാബി സിറ്റി മത്സരാർത്ഥികളെ പരിപാടിയിൽ അനുമോദിച്ചു. ബസീർ സഖാഫി സ്വാഗതവും നാസർ കൊടിയത്തൂർ നന്ദിയും പറഞ്ഞു.