ഐസിഎഫ് കാരുണ്യ പദ്ധതി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു
അബുദാബി: പ്രവാസ ലോകത്തെ നിറസാന്നിധ്യമായ ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ (ഐസിഎഫ് ) കാരുണ്യ പദ്ധതിയായ രിഫായി കെയർ നാടിനു കേരള മുഖ്യമന്ത്രി പിണറായി വിജയൻ സമർപ്പിച്ചു. കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാർ നയിച്ച കേരള യാത്രയുടെ സമാപന സമ്മേളനത്തിൽ വച്ചാണ് രിഫായി കയർ സമർപ്പിച്ചത്. ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാർ , സയ്യിദ് ഇബ്രാഹിം ഖലീൽ ബുഖാരി തങ്ങൾ, കേരള പ്രതിപക്ഷ നേതാവ് വി ഡി സതീശൻ കർണാടക സ്പീക്കർ യു ടി കാദർ തുടങ്ങിയവർ സന്നിദ്ധരായിരുന്നു.
പ്രത്യേക പരിഗണനയും പരിചരണവും ആവശ്യമുള്ള ആയിരം കുട്ടികളെ ചേർത്തുപിടിക്കുന്ന പദ്ധതിയാണ് രിഫായി കെയർ. പാവപ്പെട്ടവർക്ക് വേണ്ടി ജീവിതം സമർപ്പിച്ച രിഫായി ശൈഖിൻ്റെ നാമദേയത്തിലാണ് ഐ സി എഫ് ഈ പദ്ധതി നടപ്പിലാക്കുന്നത്. കേരളത്തിൽ തിരഞ്ഞെടുക്കപ്പെട്ട ഓട്ടിസം ബാധിച്ച ആയിരം കുട്ടികൾക്ക് മുപ്പതിനായിരം രൂപ വീതമാണ് പ്രതിവർഷം ഐസിഎഫ് നൽകുന്നത്. പ്രായത്തിനനുസരിച്ചുള്ള വളർച്ചയില്ലായ്മ, സ്വന്തമായി ചലനശേഷിയില്ലായ്മ, വിശപ്പും ദാഹവും പുറത്തുപറയാൻ അറിയാത്തവർ തുടങ്ങി ഒട്ടേറെ ശാരീരിക സാമൂഹിക മാനസിക മേഖലകളിൽ പ്രയാസപ്പെടുന്നവരാണ് ഓട്ടിസം ബാധിച്ചവർ. ഇത്തരം കുട്ടികളെ നെഞ്ചോട് ചേർത്ത് പിടിച്ച് അവർക്ക് വേണ്ട സഹായങ്ങളാണ് ഐസിഎഫ് ഒരുക്കുന്നത്. സ്വന്തം ജീവിതം പോലും മക്കൾക്ക് വേണ്ടി അർപ്പിക്കുന്ന മാതാപിതാക്കൾക്ക് ഐസിഎഫിന്റെ ഈ സഹായഹസ്തം വളരെ വിലപ്പെട്ടതാണ്.
മനുഷ്യർക്കൊപ്പം എന്ന പ്രമേയം ഉയർത്തിപ്പിടിച്ച് കാന്തപുരം ഉസ്താദ് നടത്തിയ കേരള യാത്രയിൽ ഉദ്ഘാടനവും ഒരു ചരിത്ര സംഭവമായി. മനുഷ്യരെ ചേർത്തു പിടിക്കലാണ് ഏറ്റവും വലിയ പുണ്യം എന്ന സന്ദേശം പ്രാവർത്തികമാക്കുന്ന പ്രവർത്തിയിലൂടെ ഐസി ഫ് . പ്രവാസി സമൂഹത്തിന്റെ മാതൃകാപരമായ ഇടപെടലുകളുടെ അടയാളപ്പെടുത്തൽ കൂടിയാണിത്. ഇത്തരം നിരവധി സഹായഹസ്തങ്ങളാണ് പൊതു സമൂഹത്തിനായി ഐസിഎഫ് സമർപ്പിക്കുന്നത്.