അധ്യാപകരുടെ പാചകമികവിൽ മലയാളം മിഷൻ ഓണസദ്യ
അബുദാബി: മലയാളം മിഷൻ അബുദാബി ചാപ്റ്ററിനു കീഴിൽ സംഘടിപ്പിച്ച ഓണസദ്യ അധ്യാപകരുടെ പാചക മികവിനാൽ ശ്രദ്ധേയമായി. അധ്യാപകർ അവരവരുടെ വീടുകളിൽ പാചകം ചെയ്തു കൊണ്ടുവന്ന വിഭവങ്ങൾ ഒരുമിച്ചിരുന്നു ഭക്ഷിക്കുന്ന അപൂർവ്വ സംഗമത്തിന്റെ വേദിയായി മലയാളം മിഷന്റെ ഓണസദ്യ മാറുകയായിരുന്നു.
അബുദാബി മലയാളി സമാജം, കേരള സോഷ്യൽ സെന്റർ, ഷാബിയ, അബുദാബി സിറ്റി എന്നീ മേഖലകളിലെ അധ്യാപകരായിരുന്നു പാചകത്തിൽ പങ്ക് ചേർന്നത്.
ഓണസദ്യയോടനുബന്ധിച്ച് മലയാളം മിഷൻ അബുദാബി ചാപ്റ്റർ പ്രസിഡന്റ് സഫറുള്ള പാലപ്പെട്ടിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന സാംസ്കാരിക സമ്മേളനം ഇന്ത്യൻ ഇസ്‌ലാമിക് സെന്റർ ആക്ടിങ്ങ് പ്രസിഡന്റ് യു. അബ്ദുല്ല ഫാറൂഖി ഉദ്ഘാടനം ചെയ്തു.
കേരള സോഷ്യൽ സെന്റർ പ്രസിഡന്റ് ടി. കെ. മനോജ്, ജനറൽ സെക്രട്ടറി സജീഷ് നായർ, അബുദാബി മലയാളി സമാജം പ്രസിഡന്റ് സലിം ചിറക്കൽ, ജനറൽ സെക്രട്ടറി ടി. വി. സുരേഷ്‌കുമാർ, മലയാളം മിഷൻ അബുദാബി ചാപ്റ്റർ ചെയർമാൻ എ. കെ. ബീരാൻകുട്ടി, മലയാളം മിഷൻ യുഎഇ കോർഡിനേറ്റർ കെ. എൽ. ഗോപി, എഴുത്തുകാരൻ വിജയകുമാർ ബ്ലാത്തൂർ എന്നിവർ ആശംസകൾ നേർന്നു.മലയാളം മിഷൻ വിദ്യാർത്ഥികൾക്കുള്ള കേരളോത്സവം ടിക്കറ്റുകളുടെ വിതരണോദ്ഘാടനം കേരള സോഷ്യൽ സെന്റർ ജനറൽ സെക്രട്ടറി സജീഷ് നായർ മലയാളം മിഷൻ കെ. എസ്. സി. മേഖല കോർഡിനേറ്റർ പ്രീത നാരായണന് നൽകിക്കൊണ്ട് നിർവ്വഹിച്ചു.മലയാളം മിഷൻ അബുദാബി ചാപ്റ്റർ സെക്രട്ടറി സി. പി. ബിജിത് കുമാർ സ്വാഗതവും കൺവീനർ എ. പി. അനിൽ കുമാർ നന്ദിയും പറഞ്ഞു.