എണ്ണ, വാതക മേഖലയിലെ ചില ജോലികൾക്ക് ലൈസൻസ് നിർബന്ധം.
മസ്‌കത്ത്: ഒമാനില്‍ എണ്ണ, പ്രകൃതിവാതക മേഖലയിലെ ചില ജോലികൾക്ക് ലൈസൻസ് നിർബന്ധമാക്കി. തൊഴിൽ മന്ത്രാലയത്തിന്റെ നടപടി സെപ്റ്റംബർ 1 മുതൽ പ്രാബല്യത്തിൽ.നിര്‍ദിഷ്ട തസ്തികകളില്‍ ജോലി ചെയ്യുന്നവരും പുതുതായി ജോലിക്കെത്തുന്നവരും എനര്‍ജി ആൻഡ് മിനറല്‍ സെക്ടര്‍ സ്‌കില്‍സ് യൂണിറ്റില്‍ നിന്ന് ലൈസന്‍സ് നേടിയിരിക്കണം. അല്ലാത്ത പക്ഷം തൊഴിൽ പെര്‍മിറ്റ് പുതുക്കി നല്‍കുകയോ പുതിയ വീസ അനുവദിക്കുകയോ ഇല്ല. അംഗീകൃത ലൈസൻസുകൾ സമർപ്പിച്ചാൽ മാത്രമേ വർക്ക് പെർമിറ്റ് അനുവദിക്കൂ. സെപ്റ്റംബർ ഒന്ന് മുതല്‍ ഉത്തരവ് പ്രാബല്യത്തില്‍ വരും. തൊഴില്‍ വിപണി നിയന്ത്രിക്കുന്നതിനും തൊഴിലാളികളുടെ കാര്യക്ഷമത വര്‍ധിപ്പിക്കുന്നതിനും ലക്ഷ്യമിട്ടാണ് തീരുമാനമെന്നും മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. അതേസമയം, അക്കൗണ്ടിങ്, ഫിനാന്‍സ്, ഓഡിറ്റിങ്, എന്‍ജിനിയറിങ്, ലോജിസ്റ്റിക്‌സ് മേഖലകളിലും പ്രൊഫഷനല്‍ സര്‍ട്ടിഫിക്കേഷന്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്. ഉത്തരവ് സെപ്റ്റംബര്‍ ഒന്നിന് പ്രാബല്യത്തില്‍ വരുന്നതിന് മുന്നോടിയായി റജിസ്‌ട്രേഷന്‍ നടപടികളും അധികൃതർ ആരംഭിച്ചിട്ടുണ്ട്.