അബുദാബി ഇന്ത്യ സോഷ്യൽ സെന്റർ ; ഇന്ത്യ ഫെസ്റ്റ് 2025 – സീസൺ 14, ഡിസംബർ 12 മുതൽ
അബൂദബി : യുഎഇയിലെ പ്രമുഖ സാംസ്കാരിക കേന്ദ്രമായ ഇന്ത്യ സോഷ്യൽ & കൾച്ചറൽ സെന്റർ (ഐഎസ്‌സി) സംഘടിപ്പിക്കുന്ന, സാംസ്കാരിക മഹോത്സവം ഇന്ത്യ ഫെസ്റ്റ് – സീസൺ 14 ഐഎസ്‌സി അങ്കണത്തിൽ ഡിസംബർ 12, 13, 14 തീയതികളിൽ നടക്കും. ”നാനാത്വത്തിൽ ഏകത്വം” എന്ന കാലാതീതമായ സന്ദേശം ഉയർത്തിപ്പിടിച്ചുകൊണ്ട്, സംഗീതം, നൃത്തം, കല, സംസ്കാരം, ഭക്ഷണം, നവീകരണം എന്നിവയെ ഒരേ വേദിയിൽ കൊണ്ടുവരുന്ന മൂന്ന് ദിവസത്തെ ഫെസ്റ്റിവൽ, അബുദാബിയിലെ ഏറ്റവും പ്രധാനപ്പെട്ട ബഹുസാംസ്കാരിക പരിപാടികളിലൊന്നാണ്. ദിവസവും വൈകുന്നേരം 6:00 മുതൽ രാത്രി 11:30 വരെ നീണ്ടുനിൽക്കുന്ന ആഘോഷത്തിൽ 300-ൽ അധികം കലാകാരന്മാർ അണിനിരക്കും. ഏകദേശം 25,000–30,000 സന്ദർശകരെയാണ് ഈ വർഷം പ്രതീക്ഷിക്കുന്നത്.
ഇന്ത്യയിലെ പ്രമുഖ കലാകാരന്മാരെ അണിനിരത്തി സീസൺ 14 സാംസ്കാരിക വിരുന്നൊരുക്കും. ആദ്യ ദിവസം പിന്നണി ഗായിക അനിത ഷെയ്ഖിന്റെ സംഗീത നിശക്ക് വേദിയാകും. സൂഫി, ഗസൽ, നാടോടി, ക്ലാസിക്കൽ, സമകാലിക വിഭാഗങ്ങളിലുള്ള 12 ഭാഷകളിലെ ചലച്ചിത്ര ഹിറ്റുകൾ ഉൾപ്പെടുത്തി ഒരു ബഹുഭാഷാ സംഗീത യാത്രയാണ് അവർ അവതരിപ്പിക്കുന്നത്. ശ്യാം ലാൽ, പാർത്ഥ സാരഥി, ജഗ്ലർ വിനോദ് എന്നിവർ വേദിയിൽ അനിത ഷെയ്ഖിനൊപ്പം ചേരും. തനൂറ, അയാല ഉൾപ്പെടെയുള്ള അറബി, ഇന്ത്യൻ ഫ്യൂഷൻ നൃത്തരൂപങ്ങളും ഉദ്ഘാടനത്തിന് മാറ്റ് കൂട്ടും. രണ്ടാം ദിവസം (ഡിസംബർ 13) ഇന്ത്യയിൽ നിന്നുള്ള പ്രശസ്ത ഫ്ലയിംഗ് എലിഫന്റ് മ്യൂസിക് ബാൻഡ് വേദിയിൽ തരംഗമാകും. ദക്ഷിണേന്ത്യൻ സംഗീത രംഗത്തെ വളർന്നുവരുന്ന പിന്നണി ഗായികയായ അനാമികയും അമൃത ടി വി സൂപ്പർ സിംഗർ വിജയി സംഗീതുമാണ് പ്രധാന ആകർഷണം. കെ.എസ്. ചിത്രയ്‌ക്കൊപ്പം തത്സമയം പ്രകടനം കാഴ്ചവെച്ച അനാമിക, ഒരു വിഭാഗ-സമന്വയ സംഗീതാനുഭവമാണ് കാഴ്ചക്കാർക്കായി ഒരുക്കുന്നത്. ഡിസംബർ 14 ന് തമിഴ് സിനിമകളിലെ ഹിറ്റ് ഗായകരായ സത്യൻ മഹാലിംഗവും തമിഴ്, മലയാളം സിനിമകളിലെ വളർന്നുവരുന്ന സംഗീത സെൻസേഷനായ പ്രിയ ജേഴ്സണും ചേർന്നുള്ള സംയുക്ത പ്രകടനം കാണികളെ ആവേശത്തിലാഴ്ത്തും. ഒപ്പം ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ തനത് നൃത്ത വിരുന്നുകളും അരങ്ങേറും. അൽ ഹബ്തൂർ മോട്ടോഴ്‌സ് നൽകുന്ന JAC JS3 SUV 2026 കാർ കൂടാതെ സ്വർണ്ണ നാണയങ്ങളും 25-ൽ അധികം മറ്റ് സമ്മാനങ്ങളും റാഫിൾ ഡ്രോയിലൂടെ വിജയികൾക്ക് ലഭിക്കും.
പരമ്പരാഗതവും സമകാലികവുമായ വിഭവങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട് പ്രൊഫഷണൽ ഷെഫുകളും അംഗങ്ങളും തയ്യാറാക്കുന്ന പാചക വിരുന്ന് ഇ വർഷത്തെ പ്രത്യേകതയാണ്. ഏറ്റവും പുതിയ ഗാഡ്‌ജെറ്റുകൾ, എ ആർ & വി ആർ അനുഭവങ്ങൾ പ്രദർശിപ്പിക്കുന്ന ഫ്യൂച്ചറിസ്റ്റിക് ഏരിയ. ഡിസൈനർ വസ്ത്രങ്ങൾ, ആഭരണങ്ങൾ, സൗന്ദര്യവർദ്ധക വസ്തുക്കൾ, മുൻനിര റിയൽ എസ്റ്റേറ്റ് പ്രോജക്റ്റുകൾ, കൂടാതെ മലയാളം, ഇംഗ്ലീഷ് പുസ്തകങ്ങൾ ഉൾപ്പെടുന്ന പുസ്തക ബസാർ എന്നിവയുണ്ടാകും. ഐ എസ് സി വാർഷിക പ്രസിദ്ധീകരണമായ ‘ഐഎസ്‌സി ലെഗസി’യുടെ അടുത്ത പതിപ്പ് പ്രകാശനം ചെയ്യും. ഐ എസ് സി പ്രസിഡണ്ട് ജയചന്ദ്രൻ നായർ, ജനറൽ സെക്രട്ടറി സത്യാ ബാബു, ട്രഷറർ ടി എൻ കൃഷ്ണൻ, വൈസ് പ്രസിഡന്റ് &ജനറൽ കൺവീനർ ഷാജി വി കെ, എന്റർടൈൻമെന്റ് സെക്രട്ടറി കെ റ്റി പി രമേഷ്, ഐ സി എൽ ഫിൻകോർപ് ഡയറക്ടർ അമൽജിത് എ മേനോൻ, ജെമിനി ഗ്രൂപ്പ് ഡയറക്ടർ വിനീഷ് ബാബു, ലുലു എക്സ്ചേഞ്ച് സീനിയർ മാർക്കറ്റിംഗ് മാനേജർ ജീൻ കുമാർ സീൻ, അൽ ബതൂർ റോയൽ കാര് ഗ്രൂപ്പ് സെയിൽസ് മാനേജർ മനോജ് വൈ സക്കറിയ, ബുർജീൽ ഹോൾഡിങ്‌സ് റീജിയെണൽ ഡയറക്ടർ ഓഫ് ഓപ്പറേഷൻസ് നരേന്ദ്ര ഡി സോണിഗ്ര എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.