കടംവാങ്ങിയ പണം തിരികെ നൽകിയില്ല: യുവാവിനെതിരെ കോടതി വിധി
അബൂദബി: സഹപ്രവര്‍ത്തകയോട് കടംവാങ്ങിയ ഇനത്തില്‍ ശേഷിക്കുന്ന 1,15,000 ദിര്‍ഹം തിരികെ നല്‍കാന്‍ യുവാവിനോട് ഉത്തരവിട്ട് അബൂദബി ഫാമിലി സിവില്‍ ആന്‍ഡ് അഡ്മിനിസ്‌ട്രേറ്റിവ് കോടതി. ഒരേ സ്ഥാപനത്തില്‍ ജോലി ചെയ്യുന്നവരാണ് ഇരുവരും. 245,000 ദിര്‍ഹമാണ് പ്രതി പരാതിക്കാരിയില്‍ നിന്ന് കടം വാങ്ങിയത്. ഇതില്‍ കുറച്ചുപണം മാത്രമാണ് ഇയാള്‍ തിരികെ നല്‍കിയത്. കടം വാങ്ങിയ ഇനത്തില്‍ നല്‍കാനുള്ള ബാക്കി പണം നിരവധി തവണ ആവശ്യപ്പെട്ടിട്ടും പ്രതി നല്‍കാതെവന്നതോടെയാണ് പരാതിക്കാരി കോടതിയെ സമീപിച്ചത്. 20,000 ദിര്‍ഹം നഷ്ടപരിഹാരവും യുവതി ആവശ്യപ്പെട്ടു.
പ്രതിക്ക് കടം കൊടുത്തതിന്‍റെ തെളിവ് പരാതിക്കാരി കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. പ്രതി ഇതിനെ നിരാകരിച്ചതുമില്ല. തുടര്‍ന്നാണ് കോടതി പ്രതി നല്‍കാനുള്ള 115,000 ദിര്‍ഹം പരാതിക്കാരിക്കു കൈമാറാന്‍ ഉത്തരവിട്ടത്. അതേസമയം യുവതി നഷ്ടപരിഹാരമായി 20,000 ദിർഹം ആവശ്യപ്പെട്ടത് കോടതി തള്ളി.