നിയമപ്പോരാട്ടം മുറുക്കുന്നു; യുഎഇയിലെ ഇന്ത്യൻ കോൺസുലർ സേവനങ്ങൾ അനിശ്ചിതത്വത്തിൽ
അബുദാബി: യുഎഇയിലെ ഇന്ത്യൻ കോൺസുലർ സേവനങ്ങൾ ആരംഭിക്കുന്നത് വൈകുന്നതിന് പിന്നിൽ നിയമപരമായ തർക്കങ്ങളാണെന്ന് റിപ്പോർട്ട്. ഇതോടെ നൂറുകണക്കിന് പ്രവാസികളാണ് എന്തുചെയ്യണമെന്നറിയാതെ ബുദ്ധിമുട്ടിലായിരിക്കുന്നത്. യുഎഇ, സൗദി അറേബ്യ, കുവൈത്ത്, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളിലെ കോൺസുലർ സേവനങ്ങൾക്കുള്ള കരാർ നൽകിയതുമായി ബന്ധപ്പെട്ടാണ് തർക്കം. ടെൻഡറിൽ പരാജയപ്പെട്ട രണ്ട് കമ്പനികൾ ഇന്ത്യൻ സർക്കാരിന്റെ തീരുമാനത്തിനെതിരെ ഇന്ത്യൻ കോടതിയെ സമീപിച്ചതോടെയാണ് വിഷയം നിയമപോരാട്ടത്തിലേക്ക് നീണ്ടത്. ഇതേത്തുടർന്ന്, യുഎഇയിലെ ഇന്ത്യൻ പാസ്‌പോർട്ട് പുതുക്കലും മറ്റ് സേവനങ്ങളും താൽക്കാലികമായി ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറലും അബുദാബിയിലെ ഇന്ത്യൻ എംബസിയും നേരിട്ടാണ് നിർവ്വഹിക്കുന്നത്. കഴിഞ്ഞ ഒരു പതിറ്റാണ്ടിലേറെയായി പാസ്‌പോർട്ട്, വിസ, കോൺസുലർ സേവനങ്ങൾ കൈകാര്യം ചെയ്തിരുന്ന ബിഎൽഎസ് എന്ന ഏജൻസിയെ മാറ്റാൻ അബുദാബിയിലെ ഇന്ത്യൻ എംബസി ഈ വർഷം ആദ്യം തീരുമാനിച്ചിരുന്നു. കടുത്ത മത്സരത്തിനൊടുവിൽ, ഏറ്റവും കുറഞ്ഞ തുക ക്വോട്ട് ചെയ്ത അൽഹിന്ദ് ടൂർസ് ആൻഡ് ട്രാവൽസിന് പുതിയ കരാർ നൽകാൻ തീരുമാനമായി. പുതിയ ഏജൻസി വഴിയുള്ള സേവനങ്ങൾ ജൂലൈ 1 മുതൽ ആരംഭിക്കേണ്ടതായിരുന്നു. എന്നാൽ “ഭരണപരമായ കാരണങ്ങളാൽ” ഇത് വൈകുമെന്നും ജൂലൈ 2 മുതൽ പരിമിതമായ രീതിയിൽ സേവനങ്ങൾ ലഭ്യമാക്കുമെന്നും എംബസി അറിയിക്കുകയായിരുന്നു. തങ്ങളെ “യാതൊരു കാരണവും ബോധിപ്പിക്കാതെ” ടെൻഡറിൽ നിന്നും അയോഗ്യരാക്കി എന്ന് ചൂണ്ടിക്കാട്ടിയാണ് പരാജയപ്പെട്ട രണ്ട് കമ്പനികൾ സംയുക്തമായി കോടതിയെ സമീപിച്ചിരിക്കുന്നത്. കേസ് നിലവിൽ ഡൽഹി ഹൈക്കോടതിയുടെ പരിഗണനയിലാണ്. കോടതി വിധിയെ ആശ്രയിച്ചിരിക്കും ഈ സേവനങ്ങളുടെ ഭാവി. പ്രവാസികളുടെ ബുദ്ധിമുട്ട് കണക്കിലെടുത്ത് ജൂലൈ 2 മുതൽ ഇന്ത്യൻ മിഷൻ പരിമിതമായ രീതിയിൽ നേരിട്ടുള്ള (Walk-in) സേവനങ്ങൾ ആരംഭിച്ചിട്ടുണ്ട്. രാവിലെ 9:00 മണി മുതൽ ഉച്ചയ്ക്ക് 12:30 വരെയാണ് സമയം. ആദ്യം വരുന്നവർക്ക് ആദ്യം എന്ന മുൻഗണനാ ക്രമത്തിൽ പാസ്‌പോർട്ട്, വിസ, അറ്റസ്റ്റേഷൻ സേവനങ്ങൾ ലഭ്യമാകും. എന്നിരുന്നാലും, പാസ്‌പോർട്ട് പുതുക്കേണ്ടവർ, വിസയ്ക്ക് അപേക്ഷിക്കുന്നവർ, കുട്ടികളുടെ കോളേജ് പ്രവേശനത്തിനായി സർട്ടിഫിക്കറ്റുകൾ ആവശ്യമുള്ളവർ തുടങ്ങി അടിയന്തര ആവശ്യങ്ങളുമായി കാത്തിരിക്കുന്ന പ്രവാസികളുടെ ആശങ്കകൾ പൂർണ്ണമായി വിട്ടൊഴിഞ്ഞിട്ടില്ല.