അങ്കമാലി എൻആർഐ അസോസിയേഷൻ അബുദാബിക്ക് പുതിയ ഭരണസമിതി
അബുദാബി: അങ്കമാലി മേഖലയിലെ പ്രവാസികളെ ഒരുമിപ്പിക്കുന്ന സാമൂഹിക-സാംസ്കാരിക സംഘടനയായ അങ്കമാലി എൻആർഐ അസോസിയേഷൻ അബുദാബിയുടെ 2026-27 വർഷത്തേക്കുള്ള പുതിയ ഭരണസമിതിയെ തിരഞ്ഞെടുത്തു.
അങ്കമാലി മുനിസിപ്പാലിറ്റിയിലെയും സമീപ പ്രദേശങ്ങളിലെ 13 പഞ്ചായത്തുകളിലെയും പ്രവാസികളെ ഒരുമിപ്പിച്ച് സൗഹൃദത്തിന്റെയും സഹകരണത്തിന്റെയും സേവന മനോഭാവത്തിന്റെയും വേദിയായി പ്രവർത്തിക്കുന്ന സംഘടനയാണ് അങ്കമാലി എൻആർഐ അസോസിയേഷൻ. സാമൂഹിക പ്രതിബദ്ധതയും സാംസ്കാരിക പാരമ്പര്യവും ഉയർത്തിപ്പിടിച്ച് വർഷങ്ങളായി അബുദാബിയിലെ മലയാളി സമൂഹത്തിൽ സജീവ പ്രവർത്തിച്ചുവരുന്നു. അബുദാബി അൽ നഹ്യാനിലെ ബീറ്റ്മിക്സ് ഇവന്റ് ഹാളിൽ അധ്യക്ഷൻ പ്രസിഡന്റ് ജോജോന്റെ അദ്ധ്യക്ഷതയിൽ നടന്ന വാർഷിക പൊതുയോഗത്തിൽ വെച്ച് ലതീഷ് ചുള്ളി (പ്രസിഡന്റ്), സുരേഷ് പരമേശ്വരൻ (ജനറൽ സെക്രട്ടറി), പ്രകാശ് ജെയ്സൺ (ട്രഷറർ), ജിനു കെ. പാപ്പച്ചൻ (വൈസ് പ്രസിഡന്റ്), ഫിമി ഫ്രാൻസിസ് (വൈസ് പ്രസിഡന്റ് ), ഷാജു വർഗീസ് (ജോയിന്റ് സെക്രട്ടറി), മാർട്ടിൻ തോമസ് (ജോയിന്റ് ട്രഷറർ) എന്നിവരെയും വിവിധ വിഭാഗങ്ങളുടെ കൺവീനർമാരും ജോയിന്റ് കൺവീനർമാരും ഉൾപ്പെടുന്ന 30 അംഗ ഭരണസമിതിയെയും തെരഞ്ഞെടുത്തു.
അംഗങ്ങൾ തമ്മിലുള്ള ഐക്യവും പരസ്പര സഹകരണവും ശക്തിപ്പെടുത്തുന്നതിനൊപ്പം, അംഗങ്ങളുടെ ക്ഷേമത്തിനും ഉല്ലാസത്തിനുമായി വിവിധ പരിപാടികൾ സംഘടിപ്പിക്കുകയും നാട്ടിലും പ്രവാസലോകത്തും ജീവകാരുണ്യ, സാമൂഹിക, സാംസ്കാരിക പ്രവർത്തനങ്ങളിൽ സജീവമായി ഇടപെടുകയും ചെയ്യുന്ന അസോസിയേഷൻ“ഒരൊറ്റ ഹൃദയം ഒരൊറ്റ സ്നേഹം” എന്ന ആപ്തവാക്യം ഉയർത്തിപ്പിടിച്ച് കൂടുതൽ ഐക്യത്തോടെയും പ്രവർത്തന മികവോടെയും മുന്നോട്ടുപോകുമെന്നും, അംഗങ്ങളുടെ ക്ഷേമത്തിനും കുടുംബസൗഹൃദ കൂട്ടായ്മകൾക്കും പ്രാധാന്യം നൽകി വൈവിധ്യമാർന്ന പദ്ധതികൾ നടപ്പാക്കുമെന്നും പുതിയ ഭരണസമിതി വ്യക്തമാക്കി. വാർഷിക യോഗത്തിൽ വൈസ് പ്രസിഡന്റുമാരായ മാർട്ടിൻ തോമസ് സ്വാഗതവും നീതു ലതീഷ് നന്ദിയും പറഞ്ഞു.