പ്രാദേശിക, അന്തർദേശീയ സംഭവവികാസങ്ങൾ ചർച്ച ചെയ്ത് ജിദ്ദയിലെ ജിസിസി ഉച്ചകോടിമേഖലയിലെ സംഘർഷം പരിഹരിക്കാനുള്ള നയതന്ത്ര ശ്രമങ്ങൾ അവലോകനം ചെയ്തു
ജിദ്ദ: പ്രാദേശിക, അന്തർദേശീയ സംഭവവികാസങ്ങൾ ചർച്ച ചെയ്ത് ജിദ്ദയിൽ നടന്ന ജിസിസി ഉച്ചകോടി. ഉച്ചകോടിയിൽ സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ അധ്യക്ഷത വഹിച്ചു. ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി) അംഗരാജ്യങ്ങളുടെ നേതാക്കളും പ്രതിനിധി സംഘത്തലവന്മാരും ഉച്ചകോടിയിൽ പങ്കെടുത്തു. പ്രാദേശിക, അന്തർദേശീയ സംഭവവികാസങ്ങളുമായി ബന്ധപ്പെട്ട നിരവധി വിഷയങ്ങളും പ്രശ്‌നങ്ങളും ഉച്ചകോടിയിൽ ചർച്ചയായി. മേഖലയിലെ സംഘർഷം പരിഹരിക്കാനുള്ള നയതന്ത്ര ശ്രമങ്ങൾ ഉച്ചകോടി അവലോകനം ചെയ്തു. അമേരിക്കക്കും ഇറാനുമിടയിലുള്ള പാകിസ്താൻ മധ്യസ്ഥത ശ്രമങ്ങൾ പ്രത്യേകിച്ച് ഉച്ചകോടി പരിശോധിച്ചു.
സംയുക്ത സുരക്ഷാ സംവിധാനത്തെ പിന്തുണക്കാനും സാമ്പത്തിക നേട്ടങ്ങൾ സംരക്ഷിക്കാനും ജിസിസി രാജ്യങ്ങൾക്കിടയിൽ ഏകോപനം ശക്തിപ്പെടുത്തണമെന്ന് ഉച്ചകോടി ആവശ്യപ്പെട്ടു. ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽ ഥാനി, ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ, കുവൈത്ത് കിരീടാവകാശി ശൈഖ് സബാഹ് അൽഖാലിദ് അൽഹമദ് അസ്സബാഹ്, യുഎഇ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിൻ സായിദ് ആൽ നഹ്‌യാൻ എന്നീ ഗൾഫ് നേതാക്കൾ ഉച്ചകോടിയിൽ പങ്കെടുത്തു. സൗദി വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ ബിൻ അബ്ദുല്ലയും ഉച്ചകോടിയിൽ പങ്കെടുത്തു.