ഉത്തര്‍കാശിയിലേത് മേഘവിസ്ഫോടനമല്ല; ഹിമ തടാകം പൊട്ടിയത്!
ഹിമ തടാകം പൊട്ടിയതോ ഹിമാനി തകര്‍ന്നതോ ആണ് ഉത്തര്‍കാശിയിലെ ദുരന്തത്തിന് വഴിവച്ചതെന്നും അവര്‍ വ്യക്തമാക്കുന്നു. ധരാലിക്ക് മേല്‍ നിന്നുള്ള ഉപഗ്രഹ ചിത്രങ്ങളും ഈ വാദത്തിന് ബലം പകരുന്നു. ധരാലിക്ക് മേല്‍ രണ്ട് വലിയ ഹിമ തടാകങ്ങളാണ് ഉള്ളത്. ഇതില്‍ ഒന്ന് ഘീര്‍ ഗാഡ് അരുവിക്ക് മുകളിലാണ്. ധരാലിയിലൂടെയാണ് ഘീര്‍ ഗാഡ് ഒഴുകുന്നത്. ഹിമാനികളും ഹിമ തടാകങ്ങളും പെട്ടെന്ന് തകരുന്നത് അതുഗ്രമായ മിന്നല്‍ പ്രളയത്തിന് കാരണമാകുമെന്നും 2021 ഫെബ്രുവരിയില്‍ ചമോലിയില്‍ സംഭവിച്ചത് ഇതാണെന്നും ശാസ്ത്രജ്ഞര്‍ വിശദീകരിക്കുന്നു.
ഉത്തരാഖണ്ഡില്‍ മാത്രം 1260 ഹിമ തടാകങ്ങളുണ്ടെന്നും ഇതില്‍ ചിലത് വലിയ ഭീഷണി ഉയര്‍ത്താന്‍ പാകത്തിനുള്ളതാണെന്നും വാഡിയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹിമാലയന്‍ ജിയോളജിയുടെ പഠനത്തില്‍ കണ്ടെത്തിയിരുന്നു. ഉത്തരാഖണ്ഡിലെ 13 ഹിമ തടാകങ്ങളെ അതീവ ഗുരുതരമെന്നും അഞ്ചെണ്ണം അപകടകരമെന്നും ദേശീയ ദുരന്തനിവാരണ സമിതിയും വേര്‍തിരിച്ചിരുന്നു. മര്‍ദമേറിയ പ്രദേശങ്ങളില്‍ ജലം ഇത്തരത്തില്‍ വന്‍തോതില്‍ ശേഖരിക്കപ്പെടുകയും അത് വന്‍ തോതില്‍ സ്വതന്ത്രമാക്കപ്പെടുകയും ചെയ്യുമ്പോള്‍ ഇത്തരത്തിലെ അപകടങ്ങള്‍ സംഭവിച്ചേക്കാമെന്നും പെരുമഴ മാത്രം പെയ്താല്‍ ഇങ്ങനെ നാശമുണ്ടാകില്ലെന്നും ഉത്തര്‍കാശിയിലെ മുതിര്‍ന്ന ഭൗമശാസ്ത്രജ്ഞന്‍ പീയുഷ് റൗട്ടേല വിശദീകരിക്കുന്നു. അതേസമയം, ധരാലിയില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. നാലുപേരുടെ മരണമാണ് സ്ഥിരീകരിക്കാനായത്. പത്ത് സൈനികര്‍ ഉള്‍പ്പടെ നൂറിലേറെപ്പേരെയും കാണാതായിട്ടുണ്ട്. നിമിഷനേരം കൊണ്ട് പ്രളയജലം പ്രദേശം വിഴുങ്ങുന്ന ഭീതിദമായ ദുരന്തത്തിന്‍റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.