തിരുവനന്തപുരം വിമാനത്താവളത്തിൽ 8,707 കോടിയുടെ വികസനം.
തിരുവനന്തപുരം : രാജ്യാന്തര വിമാനത്താവളത്തിന്റെ വിപുലീകരണത്തിനു നടപടി തുടങ്ങി. ആകെ 8,707 കോടി രൂപ ചെലവിൽ വിമാനത്താവളത്തിന്റെ ടെർമിനൽ നവീകരണം ഉൾപ്പെടെ സമഗ്ര വികസന പദ്ധതിയാണ് നടപ്പാക്കുന്നത്. ടെർമിനലും അനുബന്ധ കെട്ടിടങ്ങളും, കാർഗോ കോംപ്ലക്സ്, റൺവേ, ഏപ്രൺ ആൻഡ് ടാക്സിവേ, മറ്റ് അടിസ്ഥാന സൗകര്യങ്ങൾ, റോഡ്, മറ്റു ഗതാഗത സൗകര്യങ്ങൾ തുടങ്ങിയവയാണ് വിമാനത്താവള നവീകരണ പദ്ധതിയിൽ ഉൾപ്പെടുന്നത്.
നിലവിൽ ഏകദേശം 34 ലക്ഷം യാത്രക്കാരെ കൈകാര്യം ചെയ്യാൻ ശേഷിയുള്ള വിമാനത്താവളത്തിൽ കഴിഞ്ഞ വർഷം അരക്കോടിയോളം യാത്രക്കാരാണ് കടന്നു പോയത്. 5.52 ലക്ഷം ചതുരശ്ര മീറ്റർ നിർമിത വിസ്തൃതിയിലാണ് വിപുലീകരണം പൂർത്തിയാക്കുക. 2.7 കോടി യാത്രക്കാരെയും 0.42 ടൺ കാർഗോയും കൈകാര്യം ചെയ്യാൻ ശേഷിയിലേക്ക് വിമാനത്താവളം വികസിപ്പിക്കുകയാണ് ലക്ഷ്യം.പദ്ധതിയുടെ പരിസ്ഥിതി അനുമതിയുടെ ഭാഗമായി നാട്ടുകാരുടെ വാദം കേൾക്കാൻ മലിനീകരണ നിയന്ത്രണ ബോർഡ് ഓഗസ്റ്റ് 28 ന് പൊതുതെളിവെടുപ്പ് നടത്തും. രാവിലെ 10.30 ന് ഈഞ്ചക്കൽ എസ്പിഎസ് കിങ്സ്‌വേ ബിസിനസ് ഹോട്ടലിലാണ് തെളിവെടുപ്പ്.